Tuesday, October 25, 2016

പ്ലസ് ടു ഓർമ്മകൾ

യുവജനോത്സവ സമയം. ഒരുപാട് കലാപരിപാടികൾ കാലാകാലമായി നടന്നു വരുന്നുവെങ്കിലും ശ്രദ്ധയിൽപെടുന്നതോ അല്ലെങ്കിൽ മനപൂർവ്വം ശ്രദ്ധയിൽപ്പെടുത്തുന്നതോ ആയ കലാപരിപാടികൾ വളരെ ചുരുക്കമായിരുന്നു. നാടോടി നൃത്തം, മിമിക്രി, മോണോ ആക്ട്, മാപ്പിളപ്പാട്ട്, കോൽക്കളി, തിരുവാതിര അങ്ങനെ നീളുന്നു അവയില്‍ പെടുത്താവുന്നവ.
പക്ഷെ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വട്ടപ്പാട്ട് ഉണ്ടെന്നു കേട്ടു ആ കൊമേഴ്സിലെ പിള്ളേർ ഭയങ്കര പ്രാക്ടീസിലാണ് എന്നു ശിഹാബ് വന്നു ഞാനും അനസും സിനാദുമൊക്കെ നിന്നു കലപില കൂട്ടുന്ന സദസ്സിനോടായ് പറഞ്ഞു.
നോക്കുമ്പോൾ സംഗതി ശരിയാണ്, പോരാത്തതിന് നമ്മുടെ ക്ലാസിലെ ചില പ്രിയ സോദരിമാർ അവരുടെ പ്രാക്ടീസ് കാണാനും പോകുന്നുണ്ട്. ആനുകാലികമായ സാഹചര്യം ചേര്‍ത്ത് പറഞ്ഞാൽ അവരുടെ പടം ഇറങ്ങുന്നതിനു മുന്നേ ട്രെയിലർ ഹിറ്റായി.
നമുക്ക് സയന്‍സ് ബാച്ചിനാണേൽ ഒരു ടീസർ പോലുമില്ല.
എന്തെങ്കിലുമാവട്ട് എന്ന് കരുതി ഒരു ലോഡ് പുച്ഛം മുഖത്ത് പ്രകടമാക്കി തീർത്തും നാടകീയമായി ഞങ്ങളും അവരുടെ പ്രാക്ടീസ് കാണാന്‍ പോയി. അവിടെ കുറെ പേരുണ്ട്, നമ്മുടെ ക്ലാസിലെ പെൺകുട്ടികളാണേൽ നമ്മളേക്കാൾ വില കൽപ്പിക്കുന്നത് അവരെയാണെന്ന് പറയാതെ നോട്ടത്തിലും ഭാവത്തിലുമായി പ്രകടിപ്പിച്ചു.
നമുക്കാണേൽ കലാലയ കാലങ്ങള്‍ സമ്മാനിക്കുന്ന ആരോഗ്യകരമായ ബാച്ച് വിരുദ്ധത നയം ഞരമ്പിലും സിരയിലും തരിച്ചു കേറീട്ടുണ്ട്. പക്ഷേ അങ്ങനെ ഒന്നുമില്ല എന്ന് വെറുതെ കള്ളച്ചിരി കാട്ടി അവരെ (ടീം കൊമേഴ്സിനെ) അനുനനയിപ്പിക്കും. കാരണം എടുത്തു ചാടി വല്ലതും ചെയ്താൽ അലമ്പാകും. അത് കൊണ്ട് സംയമനം പാലിക്കണം.
അങ്ങനെ അവരുടെ പ്രാക്ടീസ് കണ്ട് തൃപ്തനായി എന്ന അവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് നേരത്തെ പറഞ്ഞ ആ കപട ചിരിയിലെ ബാക്കി വന്നത് അവർക്കും നമ്മുടെ ക്ലാസിലെ 'രംഭ, ഉർവ്വശി, മേനക' എന്നവളുമാർക്കും ഒരിക്കല്‍ കൂടി സമ്മാനിച്ച് ഞങ്ങള്‍ പുറത്തിറങ്ങി.
ഇറങ്ങിയ ഉടനെ ഞാന്‍ അനസിനോട് ചോദിച്ചു, നിനക്ക് വട്ടപ്പാട്ട് അറിയോ?
അവൻ ആത്മവിശ്വാസത്തോടെ അറിയാമെന്നും പറഞ്ഞു. കേട്ട പാതി , കേൾക്കാത്ത പാതി ഞാന്‍ പറഞ്ഞു "നമ്മള്‍ സയന്‍സിലെ ആൺപിള്ളേർ വട്ടപ്പാട്ട് കളിച്ചിരിക്കും".
അന്നപാടെ അരുണ്‍ പറഞ്ഞു " അതിന് നീ യുവജനോത്സവത്തിനു വരുമോ? അല്ല അങ്ങനെ സംഭവച്ചിട്ടില്ല അതോണ്ട്".
കൂട്ടത്തിൽ എല്ലാ ചെങ്ങായിമാരും ആക്കിയ ചിരി തുടങ്ങി.
സംഭവം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പ്ലസ് വണ്‍ മുതല്‍ തുടങ്ങിയതാ ഞാനും അഭിജിത്തും തമ്മിലുള്ള മത്സരം. ആര് ഏറ്റവും കൂടുതല്‍ ലീവാക്കുമെന്ന അപ്രഖ്യാപിത മത്സരം.
അതോണ്ട് സ്പോർട്സ്, യുവജനോത്സവം എന്നിവക്ക് പോലും വരുന്നത് വിരളമാണ്.
അങ്ങനെ ചിരിച്ചു കൊണ്ടു നിന്ന സയന്‍സ് ടീമിനോടായി ഞാന്‍ പറഞ്ഞു, "വരും ,നമ്മള്‍ വട്ടപ്പാട്ടിൽ കൊമേഴ്സ് ടീമിന് ശക്തരായ എതിരാളികളാവും.
എതിർ രാജ്യത്തെ നേരിടാനുള്ള മേജര്‍ ഓപ്പറേഷന്‍ പ്ലാനുകൾ പങ്കിടുന്ന പോലെ സഭ ഒന്നു കൂടി അടുത്തു, വലിഞ്ഞു മുറുകി.
പക്ഷെ എന്നും എന്തെങ്കിലുമൊക്കെ തുടങ്ങാനുദ്ധേശിക്കുമ്പോള്‍ കേൾക്കുന്ന അപശ്രുതി അവിടെയും കേട്ടു. " എടാ..അയിനി മറ്റന്നാളാണ് പരിപാടി. വല്ലതും നടക്കുമോ". ഗോവി എന്ന ഒരുത്തന്‍ വേവലാതിപ്പെട്ടു.
അവന്റെ പിരടി പ്രയാഗ്, എബി,സൂരജ്, ഗോകുല്‍, ശരത് എന്നിവരും കൂടി ഉള്‍പെടുന്ന നമ്മുടെ സംഘം താഴോട്ടെക്കാകി ശരിക്ക് പെരുമാറി. നമ്മള്‍ ആ ചലഞ്ച് ഏറ്റെടുത്തു. പ്രാക്ടീസ് തുടങ്ങി, അത് കാണാന്‍ ആരും ഉണ്ടായില്ല, ക്ലാസിലെ എന്നല്ല കലാലയമുറ്റത്തെ സ്ത്രീ സമൂഹത്തിലെ പോയിട്ട് ആൺകുട്ടികൾ പോലും അവിടെ ഉണ്ടായില്ല.
അങ്ങനെ രണ്ടു ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിൽ ആ സമയം സമാഗതമായി.
നല്ലവണ്ണം പ്രാക്ടീസും ,ഫാൻസും, ട്രെയിലർ വ്യൂസും കിട്ടിയ കൊമേഴ്സ് ടീം ശരിക്ക് തകര്‍ത്തു കളിച്ചു. കാണികള്‍ കൈയ്യടി മുഴക്കി അവരെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു.
മൊത്തത്തിൽ അവർ തന്നെയാവും വിജയികൾ എന്ന് നമ്മള്‍ സ്റ്റേജിൽ കയറും മുമ്പ് കുറേ പേരെങ്കിലും മുൻ വിധിയെഴുതി.
പക്ഷെ സ്റ്റേജിൽ കയറാതെ ഞങ്ങൾക്ക് നിവൃത്തിയില്ലല്ലോ.
ഞങ്ങള്‍ സ്റ്റേജിൽ കയറി. ട്രെയിലറിനു പൂജ്യം views ആയിരുന്നേലും പടമിറങ്ങിയപ്പോ എല്ലാരും ഉണ്ടായിനി കാണാന്‍.
സഭാകമ്പം കൊണ്ടാവാം പരിപാടി തുടങ്ങുന്നതിന് മുമ്പ് കൂട്ടത്തിൽ ഒരുത്തന്‍ ഇങ്ങനെ പറഞ്ഞു" പരിപാടി കൊളമാവുമെന്നറിയാൻ ആണോടാ ഇത്രയും പേര് ഇവിടെ കൂടി നിൽക്കുന്നത്. കാണികളെ കണ്ട് പകച്ചു നിന്നവന്മാർക്കും സ്റ്റെപ് മറക്കുമോ എന്നു ശങ്കയുള്ളോർക്കും പരസ്പരം ധൈര്യം പകര്‍ന്ന് പരിപാടി ആരംഭിച്ചു.
ഞങ്ങള്‍ വട്ടപ്പാട്ട് പൂർത്തിയാക്കി, കാണികൾ കൈയ്യടി ഞങ്ങൾക്കു തന്നുവെങ്കിലും അപ്രതീക്ഷിതമായ രംഗപ്രവേശം കാരണം ചിലരെ സ്തബ്ധരാക്കിയത് കൊണ്ടാവാം അവയുടെ ശബ്ദം കുറഞ്ഞത്.
അനസിന്റെ മികച്ച് നിന്ന ആലാപനവും പോർ വീര്യം കെടാത്ത എല്ലാവരുടെയും പ്രകടനവും ഞങ്ങൾക്ക് വാങ്ങി തന്നത് വട്ടപ്പാട്ടിലെ ഒന്നാം സ്ഥാനമാണ്.
വളരെ ചുരുങ്ങിയ നേരം കൊണ്ട് നേടിയെടുത്ത വിജയം.
പക്ഷെ കലാലയ മുഖത്തെ പോരിന് അൽപായുസാണെന്ന് തെളിയിച്ച് എല്ലാവരും നമ്മെ സമീപിച്ചു. അഭിനന്ദനം അറിയിച്ചു.
അങ്ങനെ കൊമേഴ്സും സയന്‍സും രണ്ടല്ല ഇനിയങ്ങോട്ട് ഒന്നാണെന്ന് പറഞ്ഞ് ഞങ്ങള്‍ പരസ്പരം സ്നേഹം പകർന്നു.
#ആത്മകഥ
#ചാപ്റ്റർ_പ്ലസ്_ടു

2 comments: