Friday, August 3, 2018

25 വയസ്സ് ഓര്‍മിപ്പിക്കുന്നത്

മക്കയിലെ രാജാത്തിയായി കഴിഞ്ഞ ഖദീജ (റ) ക്ക് 2 തവണ വിധവയായിരിന്നിട്ടു കൂടി നിരന്തരം കല്ല്യാണ ആലോചനകള്‍ വന്നു കൊണ്ടിരിന്നു, അവിടുത്തെ ദയയും കുലീനതയും സാമ്പത്തികശേഷിയും പലര്‍ക്കും നല്ലവണ്ണം ബോധ്യപ്പെട്ടു, പക്ഷെ ബീവി ഖദീജ (റ) ന്റെ കളന്കമില്ലാ മനസ്സിലേക്ക് സത്യ സന്ധത, സല്‍ഗുണ സമ്പന്നത, സൗന്ദര്യം എന്നീ എണ്ണമറ്റ ശ്രേഷ്ഠതകളുമായ് കടന്നു കയറിയത് ആരംഭ ദൂതര്‍ മുഹമ്മദ് (സ) തങ്ങളായിരുന്നു, അവിടുന്ന് 25 ആയപ്പോഴേക്കും എല്ലാനിലയിലും വളര്‍ന്നു കഴിഞ്ഞിരുന്നു, കച്ചവടത്തിലെ വിജയങ്ങളുടെ ആവൃത്തി, സാമൂഹിക ഇടപെടലുകളില്‍ കാണിച്ച മാതൃക അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേന്മകള്‍ക്ക് പകരം വെക്കാന്‍ ആരും ഉണ്ടായിരുന്നില്ല. 25 വയസ്സ് എന്ന് കേള്‍ക്കുമ്പോള്‍ ഇതൊക്കെ തന്നെയാണ് ഓര്‍മ്മ വരിക... ഖദീജ ബീവിയുടെ ഹൃദയം കീഴടക്കിയ മുഹമ്മദ് നബി(സ) തങ്ങള്‍ കല്ല്യാണാലോചനക്ക് സമ്മതം മൂളിയ നിമിഷം മുതല്‍ അവിടെ ഉത്സവാന്തരീക്ഷം രൂപപ്പെടുകയും, അവര്‍ ഒന്നു ചേരുന്നതിന് സാക്ഷിയാവാന്‍ മത്സരിക്കുകയും, അവര്‍ക്ക് വേണ്ടി മംഗളം നേരാന്‍ ഏറ്റവും മുന്നില്‍ അണിനിരക്കുകയും ചെയ്തവരുടെ മനസ്സില്‍ പതിഞ്ഞ അവിസ്മരണീയ, അവര്‍ണനീയ അനുഭൂതി എന്തായിരിന്നിരിക്കും? ഓ എന്റെ ഇരുപത്തഞ്ചേ ... നിന്നെയോര്‍ക്കുമ്പോ അങ്ങനെ ഞാന്‍ ആനന്ദം കണ്ടെത്തുന്നു... ഇന്ന് നീ എനിക്കും അവകാശപ്പെടുത്തി തന്നത് ആ ഒരു കാലയളവാണ്. ഭൂമിയുടെ പരിധിയില്‍ നിന്ന് കഴിച്ചു കൂട്ടിയ 25 വര്‍ഷങ്ങള്‍... കാര്യമായ നേട്ടങ്ങളൊന്നും എടുത്ത് പറയാനില്ല,,കോട്ടങ്ങള്‍ കാണും ഒട്ടനവധി, അതൊക്കെ ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നുമില്ല തല്‍ക്കാലം... എന്നില്‍ നിന്നും വന്നു പോയ പിഴവുകള്‍ ഒക്കെയും പൊറുത്ത് തന്നേക്കണം... എന്നേപ്പറ്റി നല്ലത് വല്ലതും പറയാനുണ്ടേല്‍ ഇപ്പോള്‍ പറഞ്ഞില്ലേലും അളളാഹുവിന്റെ കോടതിയില്‍ ഓര്‍ത്തെടുത്താല്‍ മതി. ഇത്രയും നാള്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് തന്ന കാരുണ്യവനായ അളളാഹുവിനെ സ്തുതിക്കുക എന്നതിനപ്പുറം വേറെയെന്താണ് ഈ അടിമയ്ക്ക് ചെയ്യാനുള്ളത്. നാഥാ നീ തുണക്കണേ... ആമീന്‍

No comments:

Post a Comment