മിഹ്റാജാനുൽ ബിദായ
'പ്രവേശനോൽസവം 2016'
കടന്നപ്പള്ളി ഹസ്സനാത്തുൽ ഇസ്ലാം മദ്രസ

കുട്ടികള്‍ രാവിലെ തന്നെ പുത്തനുടുപ്പിട്ടു മാതാപിതാക്കളുടെ കുടുംബാംഗങ്ങളുടെ അനുഗ്രഹാശിർവാദങ്ങളേറ്റു വാങ്ങി ഹസ്സനാത്തുൽ ഇസ്ലാം മദ്രസാ അങ്കണത്തിൽ എത്തിച്ചേർന്നു.
അദബിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ കാത്തു നിന്ന കാഴ്ചകൾ ഏറെ ആനന്ദമുള്ളതായിരുന്നു.
അവിടെ അവരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനറുകളും, വിവിധ വർണ്ണത്തിലുള്ള ഭിത്തികളിലും മറ്റുമായി പതിച്ച വർണ്ണ കടലാസുകളും, വ്യത്യസ്ത വലിപ്പത്തിലുള്ള ബലൂണുകൾ എന്നിവ അതില്‍ പെടുന്നു.
പക്ഷെ ഇതിനേക്കാൾ ഉപരിയായി, വ്രത ശുദ്ധിയുടെ ദിന രാത്രങ്ങളിൽ തങ്ങളുമായി അകന്നു നിന്ന സ്നേഹഭാജനങ്ങളായ വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയ്യാറായി നിന്ന ഉസ്താദുമാരുണ്ടായിരുന്നു.
അവരുടെ പ്രാർത്ഥനയ്ക്കും, സ്നേഹത്തിനുമപ്പുറം പിന്നെന്താണ് ഒരു വിദ്യാർത്ഥിക്കാവശ്യമായുള്ളത്?
മഴ ഇടയ്ക്കിടെ വന്നു പോകുന്ന ഒരു സമയം, മുകളിലെ നിരത്തി വെച്ച ബെഞ്ചുകളിൽ സവിനയം ആകാംക്ഷയോടെ കുട്ടികൾ ഇരിപ്പുറപ്പിച്ചു.
കൂടെ ചുരുക്കം രക്ഷകർത്താക്കളും.
ദുആ ചെയ്തു ആരംഭിച്ച കാര്യപരിപാടിയിൽ ഖത്തീബ് ഉസ്താദ് ജിഷാദ് യമാനി അവർകൾ ആമുഖം എന്ന നിലയില്‍ ധാരാളം കാര്യങ്ങൾ സംസാരിച്ചു.
മത-വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ആ പ്രഭാഷണത്തിൽ ഒട്ടുമിക്ക കാര്യങ്ങളും ചർച്ച ചെയ്തു പിന്നീട് ബദർ പള്ളിയിലേക്ക് (മീത്തൽ) പുതുതായി നിയമിച്ച ഇമാം ഉസ്താദ് ഖാലിദ് അവർകളും തന്റെ ആശയങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.
മദ്രസാ വിദ്യാർത്ഥികൾക്ക് ആശംസയർപ്പിച്ച് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹസ്സന്‍ വി.യു. സംസാരിക്കുകയുണ്ടായി.
കൂടാതെ വേദിയില്‍ KAIJC ജന: സെക്രട്ടറി ടി. ജവാദ്, ഉസ്താദ് അബ്ദുള്‍ സലാം എന്നിവര്‍ അവരുടെ സാന്നിധ്യം അറിയിച്ചു.
"ﺧﻴﺮﻛﻢ ﻣﻦ ﺗﻌﻠﻢ ﺍﻟﻘﺮﺁﻥ ﻭﻋﻠﻤﻪ "
നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠർ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് "
-Al Bukhari
[കിത്താബുൽ ഫളാഇൽ-Book of virtues Book no.9, hadith 993 ].
ഈ തിരുവചനം മുൻ നിറുത്തി പഠനം നടത്തിയാൽ മാത്രം മതിയാകും ഇന്നു നിലവിലുള്ള മദ്രസാ സമ്പ്രദായത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ.
വഴി തെറ്റി പോകുന്ന യുവതയെ തെരഞ്ഞു പിടിച്ച് കൊണ്ട് ഇതാണ് ഇസ്ലാം എന്നു തെറ്റിധരിപ്പിക്കുന്ന ആധുനിക മാധ്യമ നിലപാടുകളെ തച്ചുടക്കണമെങ്കിൽ, അവയ്ക്കു മീതെ നന്മയുടെ, സത്യത്തിന്റെ, സമാധാനത്തിന്റെ മനുഷ്യത്തിന്റെ പ്രതീകം മാത്രമാണ് ഇസ്ലാം എന്ന പച്ചയായ യഥാര്‍ത്ഥ്യം ഇവിടെ അലയടിക്കണം.
അതിന് സഹിഷ്ണുതയുടെ നേരറിവിന്റെ വിത്തുകൾ പാകണം, അത് മദ്രസയിലൂടെ സാധിക്കും.
കുരുന്നുകളുടെ ജീവിത രീതി നല്ല മാതൃകയില്‍ രൂപപ്പെടുത്താൻ തക്കതായ എല്ലാ പാഠങ്ങളും അവിടെ പഠിപ്പിക്കുന്നുണ്ട്.
പക്ഷെ ഖേദകരമായ കാര്യം എന്തെന്നു വെച്ചാൽ നമ്മളില്‍ ചിലരെങ്കിലും ആത്മീയ വിദ്യഭ്യാസത്തേക്കാൾ പ്രാധാന്യം ഭൗതിക വിദ്യാഭ്യാസത്തിനു കൊടുക്കുന്നു.
ഭൗതിക വിദ്യാഭ്യാസം വേണ്ട എന്ന ഭാഷ്യമൊന്നുമില്ല, രണ്ടും തുല്യ അളവില്‍ ചേര്‍ത്ത് കൊണ്ടാണ് ഇവിടെ വിപ്ലവങ്ങൾ സൃഷ്ടിക്കേണ്ടത്.
വിപ്ലവം എന്നത് തീര്‍ത്തും രക്തരഹിതമായത് തന്നെ, ഇസ്ലാമിന്റെ ആശയങ്ങളും, ആദർശങ്ങളും ഇതര സമൂഹത്തിൽ പ്രതിഫലിപ്പിക്കുക എന്നത് തന്നെയാണ് കർമ്മം.
അല്ലാതെ ഭൗതിക വിദ്യാഭ്യാസം പൂർണ്ണമായി തഴഞ്ഞാലോ മതവിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ചാലോ ഇവിടെ അനക്കങ്ങൾ സൃഷ്ടിക്കാൻ സാധ്യമല്ല.
പ്രത്യേകിച്ചും ഈ ആധുനിക കാലത്തിൽ ഇസ്ലാമിന്റെ ശബ്ദമായി പൊതു വേദികളില്‍ സംവദിക്കാൻ നമുക്ക് ഒരു ഇടറാത്ത കണ്ഠനാളവും, പതറാത്ത മനസ്സും വേണം, സോഷ്യല്‍ കൂട്ടായ്മയിലും നവമാധ്യമ വേദികളിലും നിരങ്ങി ഇസ്ലാമിനെ താഴേക്ക് ഇറക്കും രീതിയില്‍ ഇടപെടുന്നവർക്ക് ഭയപ്പെടാൻ നമ്മളിലെ ചെറുപ്പക്കാരന്റെ ഏറ്റവും പക്വമായ, അവസരോചിതമായ പ്രതിഷേധ മുറകൾ വേണം.
ആയതിനാല്‍ മത-ഭൗതിക വിദ്യാഭ്യാസത്തിനു തുല്യ പ്രാധാന്യം നല്‍കി, നല്ല ചുറ്റുപാടും, ഇസ്ലാമനുകൂല അന്തരീക്ഷവും ഉണ്ടാക്കിയെടുക്കണം , അത് ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്.
വിശിഷ്യ ഒരു വിദ്യാർത്ഥിയുടെയും, രക്ഷിതാവിന്റെയും, ഉസ്താദിന്റെയും ഉത്തരവാദിത്തങ്ങളാണ്.
നമ്മള്‍ എന്തിനു മുഖം തിരിക്കുന്നു സത്യം തിരിച്ചറിഞ്ഞിട്ടും?
സ്കൂളുകളിൽ പ്രവേശനോൽസവും മീറ്റിംഗും വെച്ചപ്പോൾ പോകാന്‍ കാണിച്ച അതേ ആവേശം മദ്രസാ കാര്യങ്ങളിൽ എന്തേ കാണാത്തത്?
തിരുത്തുകൾക്ക് ഇനിയും സമയമുണ്ട്, പക്ഷെ ഒരുപാടില്ല, വൈകും തോറും വികൃതമാവുന്ന ചുറ്റുപാടുകൾ രൂപപ്പെടും.
ഇത് ഒരു തുടക്കമാകട്ടെ, ഇനി മുതല്‍ നമുക്ക് ഒരുമിച്ച് കൈ കോർക്കാം, നല്ല കാമ്പുള്ള അഭിമാനിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന കുട്ടികളെ ഒരുമിച്ച് വാർത്തെടുക്കാം, ഇസ്ലാം അനുശാസിച്ച മാർഗ്ഗത്തിലൂടെ, അതായത് ഏറ്റവും മികച്ച മാർഗ്ഗത്തിലൂടെ.
അറിയുക ഇസ്ലാം എന്നത് എളുപ്പത്തിന്റെ മതമാണ്, സ്വർഗ്ഗത്തിലേക്കും വിജയത്തിലേക്കുള്ള പാത കാട്ടിടുന്ന മതം.
അത് മുറുകെ പിടിച്ചാൽ ദുനിയാവും ആഖിറവും നമുക്ക് തൃപ്തികരമായിരിക്കും.
പുതിയ മദ്രസാ കെട്ടിടത്തിൽ കുരുന്നു കൂട്ടം ഇന്നലെ അതീവ സന്തുഷ്ടരായിരുന്നു.
അവരുടെ എന്നിലേക്ക് പ്രത്യാശയുടെ ആയിരം കിരണങ്ങള്‍ ചേര്‍ത്ത് തന്നു.
പിരിയാനടുത്ത സമയം അവർക്ക് മധുരങ്ങൾ നൽകിയും പുതിയ ക്ളാസിനെ പറ്റി പറഞ്ഞും, ക്ളാസുകളായി തിരിച്ചും ഉസ്താദുമാർ ആത്മ നിർവൃതി നേടി.
പുതിയ കുട്ടികളുടെ അഡ്മിഷൻ അതിന് ശേഷം ആരംഭിച്ചു.
പതിവിന് വിപരീതമായി ഒരുപാട് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങൾ പിന്നീടങ്ങോട്ട് ചർച്ചയാക്കാൻ അവസരമൊരുക്കി കൊണ്ട് ' പ്രവേശനോൽസം 2016' നു പരിസമാപ്തിയായി.
- ജുനൈദ് കടന്നപ്പള്ളി
No comments:
Post a Comment