Saturday, August 20, 2016

ജീവിത പങ്കാളി ഇസ്ലാമിൽ

"എന്റെ ജീവിത പങ്കാളിയെ എങ്ങനെയാണ് കണ്ടെത്തുക, അതല്ലെങ്കിൽ കണ്ടാൽ എങ്ങനെ തിരിച്ചറിയും" നമ്മുടെ സഹോദരീ സമൂഹത്തിലെ ഒരു കുട്ടി വന്നു ഇങ്ങനെ ചോദിച്ചു എന്നിരിക്കട്ടെ, എന്താണ് മറുപടി കൊടുക്കുക? ഞാന് ആദ്യം ചോദിക്കുക വിവാഹ പ്രായമെത്തിയ കുട്ടിയാണോ എന്നും, വീട്ടുകാർ ആലോചന നടത്തുന്നുണ്ടോ എന്നുമാണ്. കാരണം അതിനുത്തരം അറിഞ്ഞാലേ അടുത്ത പടി മുന്നോട്ടുള്ളൂ... ഉത്തരം ഇല്ല, അല്ല എന്നൊക്കെ ആണേൽ അത് ഹലാലായ ഒരു നീക്ക് പോക്കല്ല... വിവാഹ പ്രായമായ കുട്ടിയുടെ വീട്ടുകാർ തിരക്കു പിടിച്ച ആലോചനയിൽ ആയിരിക്കുമ്പോൾ അവൾ മനക്കോട്ട കെട്ടാൻ തുടങ്ങും "പടച്ചോനേ... ഏതൊരുത്തനാണോ എന്നെ കെട്ടാൻ വരുന്നത്" അവളുടെ സങ്കൽപ്പങ്ങൾ കൂട്ടുകാരുടെ ഇടയിലും മറ്റും മാത്രമായി ആരും കുഴിച്ചു മൂടാതിരിക്കട്ടെ... നല്ല മൊഞ്ചുള്ള പയ്യന്മാരെ ആഗ്രഹിക്കുന്നവരും, ആർദ്രമായ മനസ്സിനുടമകളെ തിരയുന്നവരും, സിനിമാറ്റിക് രീതിയില് പ്രണയം നടത്താൻ പോന്ന ചോക്കലേറ്റ് ചെക്കനെ കിട്ടാന് പ്രാർത്ഥിക്കുന്നവരുണ്ടാകും. അതൊക്കെ അവിടെ നിൽക്കട്ടെ, ഇപ്പോഴാണ് ഒരു തിരുവചനം ഓർമ്മ വരുന്നത് " നിങ്ങള് നിങ്ങൾക്ക് അനുയോജ്യരായ ഇണകളെ തന്നെ കണ്ടെത്തുക". അനുയോജ്യർ എന്നതിന് പല തലങ്ങളും ഉണ്ട്. മനസ്സിനിണങ്ങിയ, സൗന്ദര്യത്തിന് ചേരുന്ന എന്നൊക്കെയുള്ള തലങ്ങൾ. അത് കൊണ്ട് മനസ്സിനെ ബുദ്ധിമുട്ടിച്ച് ആരും ത്യാഗം ചെയ്യേണ്ടതില്ല. ഇസ്ലാം ബുദ്ധിമുട്ടിപ്പിക്കുന്ന മതമല്ല. നേരത്തെ പറഞ്ഞ പോലെ മനക്കോട്ട കെട്ടുന്നവരോട് ആദ്യമേ തന്നെ പറയാം ശാരീരിക സൗന്ദര്യവും, പ്രണയഭാവങ്ങളും ജീവിത വഴിയില് ക്രമേണ ക്രമേണ നഷ്ടപ്പെട്ടു പോയേക്കാം. പ്രത്യേകിച്ച് വിഷമ ഘട്ടങ്ങളിൽ അത് വരെ അനുഭവിച്ച രസങ്ങളെ തല്ലിക്കെടുത്തുന്ന അന്തരീക്ഷം ഉടലെടുക്കും, അത്തരം സമയങ്ങളിൽ മനുഷ്യകുലത്തിൽ പെട്ടവന് റൊമാന്സ് പുറത്തെടുക്കാൻ ബുദ്ധിമുട്ടാണ്, ആയതിനാല് ആ നേരങ്ങളിൽ വേണ്ടത് ആശ്വാസം നൽകുന്ന ഒരു നോട്ടമോ ഒരു വാക്കോ ആണ്, ഒരു കൈത്താങ്ങ് ആണ് അത് 'സൗഹൃദം' എന്ന ചേരുവയ്ക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ട് ജീവിത പങ്കാളിയെ നീ തിരയുമ്പോൾ ആദ്യം അവനില് ഒരു നല്ല മകനുണ്ടോ എന്നു തിരയുക, സഹോദരൻ, സുഹൃത്ത് എന്നിങ്ങനെയുള്ള വേഷങ്ങളിൽ അവന്റെ പ്രകടനത്തെ സസൂക്ഷ്മം നിരീക്ഷിക്കുക. തീർച്ചയായും ഒരാള് തന്റെ പങ്കാളിയെ തിരയുമ്പോൾ അതിനി ആണായാലും പെണ്ണായാലും അനുവദനീയമായ അതിർവരമ്പ് കഴിഞ്ഞാല് തന്റെ ദൃഷ്ടികൾ താഴ്ത്തി വെക്കുക. പരിശുദ്ധ ഖുര്ആനിൽ കാണാം "(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും , സ്വകാര്യ ഭാഗങ്ങളെ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അള്ളാഹു അവർ പ്രവർത്തിക്കുന് നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന് നു"( ഖുര്ആന് 24:30). ഇതിന്റെ പൊരുൾ മനസ്സിലാക്കിയാൽ പെണ്ണുകാണൽ ചടങ്ങ് എന്നും പറഞ്ഞ് ചിലയിടത്തെങ്കിലുമായി കാട്ടി കൂട്ടുന്ന ആഭാസത്തിന് അറുതി വരുത്താം. സൗന്ദര്യത്തേക്കാൾ വിശ്വാസവും, ദീനും നോക്കിയാൽ വിവാഹ ജീവിതം സുഖത്തിലാവും, തീർച്ചയായും വിവാഹം എന്നത് ജീവിതത്തിന്റെ തുടക്കവും അത് കേട് വരാതെ സൂക്ഷിച്ചു പോയാൽ സ്വർഗ്ഗം വരെ എത്തിക്കാൻ പറ്റിയ ദിവ്യമായ ഒരു സംവിധാനവുമാണ്. സങ്കൽപ്പങ്ങളും, താൽപ്പര്യങ്ങളും കൊത്തി വെച്ച് മിനുക്കിയെടുത്ത ശേഷം നമ്മുടെ സഹോദരിമാർക്ക് അടുത്തതായി ഒരു സഹായിയെയാണ് ആവശ്യം. തന്റെ വിവാഹ സങ്കൽപ്പങ്ങൾ പങ്ക് വെക്കാന് പറ്റിയ സഹായി, അത് മാതാവാകാം, പിതാവാകാം അങ്ങനെ അങ്ങനെ... അവളുടെ വാക്കുകള് കേട്ടു കഴിഞ്ഞാൽ നമുക്ക് ഇനി ഒരാളെ കൂടി ( പ്രമാണ പുരുഷൻ എന്നൊക്കെ പറയുന്ന ഉപദേഷ്ടാവ്) ആവശ്യമാണ്. പയ്യനെ പറ്റി അന്വേഷിച്ചറിയാൻ. അത് പയ്യനെ അറിയുന്ന ഉസ്താദാവാം, സുഹൃത്താവാം. എന്നിട്ട് അവരുടെ വാക്കുകള്‍ കേൾക്കുക, പക്ഷെ അത് അതേ പോലെ വിഴുങ്ങരുത്, വീണ്ടും അന്വേഷിക്കുക. ഒരിക്കല് ഉമർ (റഃഅ) അടുത്ത് നിന്ന് ഒരാൾ ഒരു പയ്യനെ പുകഴ്ത്തി പറഞ്ഞു. അപ്പോള് ഉമർ (റഃഅ) ചോദിച്ചു 'നിങ്ങൾക്ക് അവനെ അറിയുമോ, അവന്റെ അയൽവാസിയോ, സഹചാരിയോ മറ്റോ ആണോ? അതുമല്ലെങ്കിൽ ദിനാറും ദിർഹവുമായി അവനോടൊത്ത് കച്ചവടം നടത്തിയിട്ടുണ്ടോ?' എല്ലാ ചോദ്യത്തിനും ഇല്ല/അല്ല എന്നയാൾ പറഞ്ഞപ്പോൾ ഉമർ (റഃഅ) അയാളോട് പോകാൻ പറഞ്ഞു എന്നിട്ട് 'അവൻ നിസ്കരിക്കുന്നതു മാത്രമാവും അയാൾ കണ്ടത്' എന്നും പറയുകയുമുണ്ടായി. " അത്രത്തോളം സൂക്ഷ്മത പാലിക്കണം ഈ കാര്യങ്ങളിൽ. ആരും ധൃതി വെച്ച് ജീവിതത്തിലെ സുപ്രധാന കാര്യമായ പങ്കാളിയെ കണ്ടെത്തുക എന്നതിൽ പ്രശ്നം വരുത്തി വെക്കരുത്. സമയമാകുമ്പോൾ അള്ളാഹു അവനെ/അവളെ നിങ്ങളുമായി കൂട്ടിമുട്ടിക്കും. അറിവ് , ആരോഗ്യം എന്ന ഘടകങ്ങള് നിറഞ്ഞ ദീനീ പശ്ചാത്തലിത്തലുള്ളവരെ തിരയുക. തിരച്ചിലിനിടയിൽ " ﺃﻧﺖ ﺍﻟﺴﻌﺎﺩﺓ ﺍﻟﺘﻲ ﻃﻠﺒﺘﻬﺎ ﻣﻦ ﺍﻟﻠﻪ " (നീയാണ് അള്ളാഹുവിനോട് ഞാന് തേടിയ ആനന്ദം എന്നു ദുആ ചെയ്യുക. അനുയോജ്യരായ വധു-വരന്മാരെ അള്ളാഹു നമുക്ക് അവന്റെ ദയ കൊണ്ട് നൽകട്ടെ...ആമീന്‍

No comments:

Post a Comment