Saturday, August 20, 2016

അൽഭുതങ്ങളിൽ അൽഭുതം


ഏറ്റവും മധുരമുള്ള, അർത്ഥമുള്ള, സൗന്ദര്യമുള്ള, വിചിന്തനങ്ങളുടെ താക്കോല് ആയ വാക്കുകൾ എനിക്ക് ഇന്നും കേൾക്കാൻ സാധിക്കുന്നുണ്ട്... അല്ലാഹുവിന് സ്തുതി. അതെ പറഞ്ഞു വരുന്നത് പരിശുദ്ധ റമളാന് മാസം മണ്ണിന്റെ കുളിരാർന്ന ഉപരിതലത്തെ പുളകം കൊള്ളിച്ചു കൊണ്ട് മുഹമ്മദ് നബിയുടെ സന്നിധിയിൽ കടന്നു വന്ന (ജിബ്രീൽ a.s കൊണ്ടു വന്ന) അല്ലാഹുവിന്റെ വാക്കുകളെ പറ്റിയാണ്, പരിശുദ്ധ ഖുര്ആനിനെ പറ്റി. ഏതൊരു കഠിന ഹൃദയമുള്ളവനെയും, നെറി നശിച്ചവനെയും വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ കഴിയുന്ന കാലാന്തരത്തിൽ മനുഷ്യന്റെ കൈ കടത്തലുകൾ ഒന്നും ചേരാത്ത അല്ലാഹുവിന്റെ മാത്രം വചനങ്ങള്. ഞാന് ഇത് ഇപ്പോള് പറയുന്നതിന് ഒരു പ്രത്യേക കാരണം ഉണ്ട്, നോമ്പിന്റെ ക്ഷീണത്താൽ അങ്ങനെ ഇരിക്കുന്ന സാഹചര്യത്തിൽ പള്ളിയിലെ ഉസ്താദ് ജുമുഅക്ക് ഖുതുബ ഓതുമ്പോൾ ഉരുവിട്ട ഖുര്ആനിക സൂക്തങ്ങൾക്ക് എന്തൊരു പ്രഭയായിരുന്നു, എന്തൊരു വൈകാരികത , രക്തത്തിലേക്ക് അലിഞ്ഞു ചേരുന്നു ആ സൂക്തത്തിന്റെ അർത്ഥങ്ങൾ... അല്ലാഹുവിന്റെ അനുഗ്രഹത്തെ പറ്റി ശരിക്കുമൊന്ന് ആലോചിക്കാൻ തോന്നും, അവന്റെ നീതിയെ പറ്റി, കുറ്റവാളികൾക്ക് അവിടുന്ന് ഒരുക്കി വെച്ച ശിക്ഷയെ ഓർത്ത് പൊട്ടി പൊട്ടി കരയാന് തോന്നും. .. ഉസ്താദിന്റെ ശബ്ദത്തിലും അത് വ്യക്തമാണ്... ശ്രോതാവിന് അത് അർത്ഥമറിഞ്ഞില്ലെങ്കിൽ പോലും ഭാവം ഗ്രഹിക്കാൻ കഴിഞ്ഞത് അത് കൊണ്ടാണ്. സത്യത്തിൽ ഇനിയെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കണം ഇത്, ഖുര്ആന്റെ മാഹാത്മ്യം, കേവലം പാരായണ മാധുര്യം മാത്രം മതി അതിലേക്ക് ലയിക്കാന്, അപ്പോള് അതിന്റെ അർത്ഥം കൂടി മനസ്സിലാക്കിയെങ്കിൽ ആരാണ് ഇവിടെ തെറ്റ് ചെയ്യാന് ധൈര്യപ്പെടുക? ആരാണ് അല്ലാഹുവിന് പങ്കുകാരെ കണ്ടെത്തുക...??? ഓതിയവന്ന് പ്രതിഫലം, അർത്ഥം മനസ്സിലാക്കിയവന്ന് പ്രതിഫലം, കേട്ടവന്ന് പ്രതിഫലം, അതിലേക്ക് തെല്ലൊന്നു നോക്കിയവന്ന് പ്രതിഫലം, എന്നു വേണ്ട ഖുര്ആന് എന്നു കേൾക്കുമ്പോൾ ബഹുമാനം നൽകിയവന്ന് പോലും ഇഹ- പര ലോക വിജയവും ശാന്തിയും പ്രതീക്ഷിക്കാം. .. അൽഭുതങ്ങളുടെ മഹാൽഭുതമായ ഈ ഖുര്ആനിനെ മനസ്സിലാക്കുന്ന, അതിനെ നിത്യവും പാരായണം ചെയ്യുന്ന, ബഹുമാനിക്കുന്ന സച്ചരിതരിൽ നമ്മെ ഉൾപ്പെടുത്തണേ നാഥാ...ആമീന്.

No comments:

Post a Comment